Tuesday 14 April 2009

കലാശ കൊട്ടില്‍ പരക്കെ സംഘര്‍ഷം

വ്യാപകമായ സംഘര്‍ഷത്തോടെ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ കൊട്ടിക്കലാശം. ഉത്സവാന്തരീക്ഷത്തില്‍ വര്‍ണാഭമായ റോഡ്‌ ഷോകളോടെയും പടുകൂറ്റന്‍ റാലികളോടും കൂടി തുടങ്ങിയ കലാശക്കൊട്ട്‌ പിന്നീട്‌ സംഘര്‍ഷത്തിലേയ്‌ക്ക്‌ വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു സ്‌ഥാനാര്‍ഥിയടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. കോട്ടയത്തെ ബി.ജെ.പി സ്‌ഥാനാര്‍ഥി അഡ്വ. നാരായണന്‍ നമ്പൂതിരിക്കാണ്‌ കല്ലേറില്‍ തലയ്‌ക്ക്‌ പരിക്കേറ്റത്‌. കോട്ടയം നഗരത്തില്‍ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറില്‍ ഏഴ്‌ പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ വാഹനവും പൂര്‍ണമായി തകര്‍ക്കപ്പെട്ടു. ഏറ്റുമുട്ടല്‍ തെരുവുയുദ്ധത്തിലാണ്‌ കലാശിച്ചത്‌.
ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന കേരളത്തിലെ ഇരുപത്‌ മണ്‌ഡലങ്ങള്‍ അടക്കം 17 സംസ്‌ഥാനങ്ങളിലെ 124 മണ്‌ഡലങ്ങളിലെ പരസ്യ പ്രചരണമാണ്‌ ഇന്ന്‌ സമാപിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. കേരളത്തില്‍ 2.18 വോട്ടര്‍മാരാണുള്ളത്‌. 2058 പോളിങ്‌ സ്‌റ്റേഷനുകളും സംസ്‌ഥാനത്തുണ്ട്‌. 2217 സ്‌ഥാനാര്‍ഥികളാണ്‌ ജനവിധി തേടുന്നത്‌. ആന്‍ഡമാന്‍ (ഒന്ന്‌), അരുണാചല്‍ പ്രദേശ്‌ (2), ചത്തീസ്‌ഗഡ്‌ (11), ലക്ഷദ്വീപ്‌ (ഒന്ന്‌), മേഘാലയ (2), മിസോറാം (ഒന്ന്‌), നാഗാലാന്‍ഡ്‌ (ഒന്ന്‌), ആന്ധ്രപ്രദേശ്‌ (22), അസം (3), ജാര്‍ഖണ്‌ഡ്‌ (6), മണിപ്പൂര്‍ (ഒന്ന്‌), ഒറീസ (10), മഹാരാഷ്ട്ര (13), പശ്ചിമ ബംഗാള്‍ (13), ജമ്മു കശ്‌മീര്‍ (ഒന്ന്‌), ഉത്തര്‍പ്രദേശ്‌ (16) എന്നിവിടങ്ങളിലും വ്യാഴാഴ്‌ചയാണ്‌ പോളിങ്‌.

No comments: